04:11pm 19 August 2026
NEWS
സിപിഐ, സിപിഎം അംഗങ്ങളുടെ കണക്കെടുക്കാൻ തഹസിൽദാറുടെ വിവാദ ഉത്തരവ്
19/08/2026  11:54 AM IST
nila
സിപിഐ, സിപിഎം അംഗങ്ങളുടെ കണക്കെടുക്കാൻ തഹസിൽദാറുടെ വിവാദ ഉത്തരവ്

ചെന്നൈ: സിപിഐ, സിപിഎം അംഗങ്ങളുടെ പേരും വിലാസവും ശേഖരിക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ തഹസിൽദാറുടെ ഉത്തരവ് തമിഴ്നാട്ടിൽ വിവാദമായി. ഡിണ്ടിഗൽ ജില്ലയിലെ കുജിലിയമ്പാറ താലൂക്കിലാണ് സംഭവം. ഉത്തരവ് പുറപ്പെടുവിച്ച തഹസിൽദാർ അയ്യാസാമിയെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഡിണ്ടിഗൽ സിപിഎം എംപി ആർ. സച്ചിതാനന്ദം ആവശ്യപ്പെട്ടു.

കുജിലിയമ്പാറ താലൂക്കിന് കീഴിലുള്ള എല്ലാ ഗ്രാമങ്ങളിലെയും സിപിഐ, സിപിഎം അംഗങ്ങളുടെ പേരും വിലാസവും അടിയന്തരമായി ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിലെ നിർദേശം. ഡപ്യൂട്ടി തഹസിൽദാർമാർ, സോണൽ സബ് തഹസിൽദാർമാർ, റവന്യു ഇൻസ്പെക്ടർമാർ എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഗ്രാമ സഹായികൾക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉത്തരവിന്റെ പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് എംപി ആർ. സച്ചിതാനന്ദം പ്രതിഷേധം രേഖപ്പെടുത്തിയത്. നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ബ്രിട്ടിഷ് ഭരണകാലത്തെ ഫിംഗർപ്രിന്റ് ആക്ട് നിലവിലുണ്ടായിരുന്നപ്പോഴും രാഷ്ട്രീയ സംഘടനകൾക്ക് നിരോധനമുണ്ടായിരുന്ന കാലത്തുപോലും ഇത്തരം ഉത്തരവ് ഒരു തഹസിൽദാറും പുറപ്പെടുവിച്ചിട്ടില്ലെന്ന് സച്ചിതാനന്ദം വിമർശിച്ചു.

സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, റവന്യു വകുപ്പ് മന്ത്രി കെ. എ. സെങ്കോട്ടയ്യൻ എന്നിവരോട് എംപി ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img